ഒരു പതിറ്റാണ്ടിനുശേഷം സത്യന് അന്തിക്കാടും മോഹന്‍ലാലും ഒരുമിക്കുന്ന ഫാമിലിഡ്രാമ, ഹൃദയപൂര്‍വം റിലീസിനൊരുങ്ങി. അഖില്‍ സത്യന്റെ കഥ. അനൂപ് സത്യന്റെ സംവിധാന സഹകരണം. സോനു ടി.പി. എന്ന പുതുമുഖ തിരക്കഥാകൃത്ത്. അനു മൂത്തേടത്ത് എന്ന പുതിയ കാമറാമാന്. ജസ്റ്റിന് പ്രഭാകരന് എന്ന പുതിയ സംഗീതസംവിധായകന്.
ചെറുപ്പക്കാരുടെ പുത്തന്‍ ടീമിനൊപ്പം പൂനെയുടെ പശ്ചാത്തലത്തില്‍ പുതുമയുള്ള ഒരു കുടുംബകഥ പറയുകയാണ് സത്യന് അന്തിക്കാട്.
മോഹൻലാൽ കൂടിയുള്ള വളരെ ഹൃദ്യമായ ഒരു കൂട്ടായ്മയുടെ സിനിമയാണിത്. ഷൂട്ടിംഗിനൊടുവിൽ ലാല്‍ എന്നോടു പറഞ്ഞത് ഈ സിനിമ കഴിഞ്ഞത് താന്‍ അറിഞ്ഞില്ല എന്നാണ്. എല്ലാവരും അത്രയും ആസ്വദിച്ചു ചെയ്ത സിനിമയാണിത്’ സത്യന് അന്തിക്കാട് സണ്‍ഡേ ദീപികയോടു പറഞ്ഞു.
പാട്ടിലുള്പ്പെടെ പുതുമയുടെ ന്യൂജെന്‍ സ്പര്‍ശം..?
ഞാന്‍ ജീവിക്കുന്നത് ഈ സമൂഹത്തില്‍ തന്നെയാണ്. കുറുക്കന്റെ കല്യാണത്തില്‍ തുടങ്ങിയ ഞാനല്ലല്ലോ ഇപ്പോഴുള്ളത്. ന്യൂജെന്‍ സിനിമയിലെയും നവസിനിമയിലെയും മാറ്റങ്ങള്‍ ഞാനറിയാതെ എന്നെയും സ്വാധീനിക്കും. എന്റെ സിനിമയിലും അതു പ്രതിഫലിക്കും. നമ്മുടെ സിനിമയുടെ കാരക്ടറില്നിന്നു നമുക്കു മാറാനാവില്ല. പക്ഷേ, അതിന്റെ അവതരണത്തില്‍ കുറച്ചു പുതുമയുണ്ട്. അതു സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഞാന്‍ പറഞ്ഞിട്ടില്ലാത്ത ഒരു കഥയാണിത്.
മക്കള്‍ക്കൊപ്പം സിനിമ ചെയ്യുമ്പോൾ..?
ഇരട്ട സഹോദരന്മാരായ അഖിലും അനൂപും പ്ലസ്ടു കഴിഞ്ഞപ്പോള്‍ സിനിമയില്‍ താത്പര്യമറിയിച്ചെങ്കിലും പഠിച്ച് ജോലി നോക്കെന്നാണു ഞാന്‍ പറഞ്ഞത്. പിജി കഴിഞ്ഞു രണ്ടു വര്‍ഷം കംപ്യൂട്ടര്‍ എന്‍ജിനിയർമാരായി ജോലി ചെയ്തശേഷം സ്വതന്ത്രമായി ചിന്തിക്കാവുന്ന സമയത്താണ് അവർ സിനിമയിലേക്കു വന്നത്.
അനൂപ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ഫിലിം മേക്കിംഗ് പഠിക്കാന്‍ പോയി. അഖില്‍ എന്റെകൂടെ വന്നു. നല്ല സാലറി വാങ്ങിക്കൊണ്ടിരുന്നവര്‍ പെട്ടെന്നു സിനിമയുടെ അനിശ്ചിതത്വത്തിലേക്കാണോ പോകുന്നത് എന്നൊക്കെ എന്റെ ഭാര്യക്കു സന്ദേഹമായി. പക്ഷേ, ഇപ്പോള്‍ എനിക്കതു വളരെ സഹായമായി.
കാരണം, എന്റെ വീട്ടില്‍ത്തന്നെ പുതുതലമുറയിലെ രണ്ടു സംവിധായകര്‍ ഉണ്ടായിരിക്കുന്നു. അവര്‍ കണ്ട സിനിമകള്‍, അവരുടെ കാഴ്ചപ്പാടുകൾ...എന്നോടു ചര്‍ച്ചചെയ്യുന്നു. തിരിച്ച്, ഞാന്‍ വായിച്ച പുസ്തകങ്ങള്‍, എന്റെ അനുഭവങ്ങള്‍ അവരുമായി പങ്കുവയ്ക്കുന്നു. ഞാനും ശ്രീനിവാസനുമൊക്കെ സിനിമയുണ്ടാക്കിയിരുന്നത് എങ്ങനെയെന്ന് അവര്‍ക്കു മനസിലാകുന്നു. അവര്‍ പുതുതലമുറയുടെ സിനിമകളും കഥകളും കണ്ടെത്തുന്നത് എങ്ങനെയെന്ന് എനിക്കും മനസിലാകുന്നു.
കഥ കണ്ടെത്തിയത്..?